ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Saturday, September 11, 2010

ലെവല്‍ ക്രോസിലെ പട്ടി

വീടുപൊളിക്കാന്‍ വന്നവനെ നോക്കി കുരച്ച നായയ്ക്ക്‌ എല്ലിന്‍ കഷണം നല്‍കി
ആളില്ലാത്ത ഒരു ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. ദൂരേയ്ക്ക് നീളുന്ന സമാന്തരങ്ങളെ
കൂട്ടിമുട്ടിക്കുന്ന പലകകള്‍ നിന്റെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയാണെന്ന് 
പുറമേ നിന്ന് പറഞ്ഞത് അവന്‍ വിശ്വസിച്ചു. അവന്റെ മണ്ണും കാടും കൊണ്ട്
യന്ത്രവണ്ടികള്‍ പലതും പാഞ്ഞു. അവസാനം അവന്റെ പൊക്കിയെയും കൊണ്ട് കൊച്ചമ്മയുടെ ഡോബര്‍മാനും പോയി. അപ്പോഴും അവന്‍ മുതലാളി പറഞ്ഞ ഉയര്‍ച്ചയുടെ പടി തുറക്കുന്നതും കാത്തു നില്‍ക്കുകയായിരുന്നു.
അധിക ദൂരയല്ലാതെ അവന്റെ തടസ്സങ്ങളുടെ ചുവപ്പണഞ്ഞു പച്ച തെളിയുന്നത് കണ്ടു.
സന്തോഷം തുടിച്ച ഹൃദയത്തിനു പ്രകൃതി തുടികൊട്ടി. എന്നിട്ടും, 
തീവണ്ടി ചക്രത്തിന്നടിയില്‍ ചതഞ്ഞരയുമ്പോള്‍ അവനനുഭവിച്ചത് വേദനതന്നെയായിരുന്നു.